രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കും: മന്ത്രി എം എം മണി
ഇടുക്കി : രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും മാലിന്യ നിര്‍മാര്‍ജ്ജന, ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനനിര്‍ദ്ദേശം നല്കി. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ജനപ്രതിനിധികള്‍ സജീവമായി ഇടപെടണമെന്നും എല്ലാ പ്രസ്ഥാനങ്ങളുടെയും വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെയും മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും അവലോകനത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഫണ്ടിന്റെ അപര്യാപ്തത ഒരു പ്രശ്നം ആകരുത് എന്നാണ് ഗവണ്മെന്റിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതും മാലിന്യ നിര്‍മാര്‍ജനം ഫലപ്രദമാകാത്തതുമാണ് പ്രശ്നകാരണമെന്നാണ് ഗവണ്മെന്റ് വിലയിരുത്തല്‍ എന്ന് മന്ത്രി പറഞ്ഞു. 27, 28, 29 തീയതികളില്‍ കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തുന്ന തീവ്ര ശുചീകരണ പരിപാടിയില്‍ എല്ലാ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കണം എന്നും മന്ത്രി പറഞ്ഞു. ഡോക്ടര്‍മാരുടെ അഭാവമുള്ളയിടത്തെ പഞ്ചായത്തുകള്‍ക്ക് താല്‍ക്കാലിക നിയമനം നടത്താമെന്നും മന്ത്രി അറിയിച്ചു. ലീവെടുത്തിട്ടുള്ള ഡോക്ടര്‍മാര്‍, നഴ്സുമാര്‍ എന്നിവരെ അടിയന്തരമായി തിരികെ കൊണ്ടുവരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ 64 പേര്‍ക്ക് ഡെങ്കിപ്പനി പിടിപെട്ടതായും 479 പേര്‍ക്ക് രോഗമുള്ളതായി സംശയിക്കുന്നുണ്ട്. മലേറിയ നാല് പേര്‍ക്കും എച്ച് 1 എന്‍ 1 നാലുപേര്‍ക്കും പിടിപെട്ടതായി ഡിഎംഒ പറഞ്ഞു. യോഗത്തില്‍ എംഎല്‍എമാരായ എസ് രാജേന്ദ്രന്, റോഷി അഗസ്റ്റിന്, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ , ജനപ്രതിനിധികള്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
