കമ്പംമെട്ട് നിവാസികള്‍ക്ക് ആശ്വാസമായി എംപിയുടെ സന്ദര്‍ശനം

കമ്പംമെട്ട് : ചെക്കുപോസ്റ്റിനുസമീപം സംസ്ഥാന അതിര്‍ത്തിയിലെ വിവാദം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ചൊവ്വാഴ്ച അഡ്വ: ജോയ്സ് ജോര്‍ജ് എംപി സന്ദര്‍ശിച്ചത് ആശങ്കയില്‍ കഴിയുന്ന പ്രദേശവാസികള്‍ക്ക് ആശ്വാസമായി. 1906 ലെ അസാധുവായ രേഖയും ഗൂഗിള്‍ മാപ്പും വെച്ചാണ് ഇവര്‍ ജനങ്ങളെ ഒഴിപ്പിക്കാന്‍ പദ്ധതിയിട്ടതും എം പി കണ്ടുപിടിച്ചു.


ചെക്കുപോസ്റ്റിനടുത്ത് കേരള എക്സൈസ് ഉദ്യോഗസ്ഥര്‍ മോഡ്യൂള്‍സ് കണ്ടൈനര്‍ ചെക്കുപോസ്റ്റ് സ്ഥാപിച്ചതിനേത്തുടര്‍ന്ന് ഉടലെടുത്ത അതിര്‍ത്തിതര്‍ക്കം പരിഹരിക്കാതെ തമിഴ്നാടുമായി ജില്ലയിലെ റെവന്യൂ ഉന്നതര്‍ ഒത്തുകളിക്കുകയായിരുന്നു. പലതവണ എത്താതിരുന്ന തമിഴ്നാട് ഉദ്യോഗസ്ഥരും ദേവികുളം ആര്‍ഡിഒ യുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ഉദ്യോഗസ്ഥ സംഘവും ചേര്‍ന്ന് ഒരാഴ്ച മുമ്പ് നടത്തിയ സര്‍വെയേത്തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് സ്റ്റേഷന്റെ ഭൂമിയും മൂന്നുപേരുടെ വീടും സ്ഥലവും ഉള്‍പ്പടെ തമിഴ്നാട് നിഷിപ്ത വനഭൂമിയിലാണെന്നുപറഞ്ഞ്് സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചിരുന്നു. 
കിഴക്കേനാത്ത് റോയി ആന്റണി, കീച്ചാലില്‍ കുഞ്ഞുമോന്‍, പാണ്ഡ്യന്‍കുഴിയില്‍ സദാനന്ദന്‍ എന്നിവരുടെ വീടും സ്ഥലവുമാണ് തമിഴ്നാടിന്റെ ഭൂമിയിലെന്ന് ഇവര്‍ അവകാശപ്പെട്ടത്.  കള്ളിയാങ്കല്‍ ജോര്‍ജ്ജ്കുട്ടി, കാലാപ്പള്ളി ജോയി, തേക്കിന്‍കാട്ടില്‍ തെയ്യാമ്മ, കളീയിക്കല്‍ കുഞ്ഞുമോന്‍ ജോര്‍ജ് എന്നിവരുടെ ‘ഭൂമിയും തമിഴ്നാടിന്റെ വനഭൂമിയാണെന്നും ഉദ്യോഗസ്ഥര്‍ അവകാശവാദം ഉന്നയിച്ചു. അതിര്‍ത്തിപ്രദേശങ്ങളിലാകെ ജനങ്ങള്‍ ആശങ്കാകുലരായിരുന്നു. ചൊവ്വാഴ്ച നാലിന് രേഖകള്‍ പരിശോധിച്ച്  ഇവിടം സന്ദര്‍ശിച്ച എംപി ഉദ്യോഗസ്ഥരോട് അതിര്‍ത്തിയില്‍ താമസക്കാരായ  ജനങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി.