മഴയെത്തി: വളഞ്ഞാങ്ങാനം ജലപാതം സജീവമാകുന്നു

പീരുമേട് > നേരിയ മഴ ലഭിച്ചതോടെ വളഞ്ഞാങ്ങാനം വെള്ളച്ചാട്ടവും പുനര്‍ജനിച്ചു. മഴ മാറിയതിനെ തുടര്‍ന്ന് പുഴവറ്റിയതിനാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി വളഞ്ഞാങ്കാനത്തെ വെള്ളച്ചാട്ടം പൂര്‍ണമായും നിലച്ചിരുന്നു.


മെയ് അവസാന വാരം കാലവര്‍ഷം നേരിയ തോതില്‍ ആരംഭിച്ചതോടെ പുഴയില്‍ നീരൊഴുക്കാരംഭിച്ചു. പിന്നീട് ദുര്‍ബലപ്പെട്ടെങ്കിലും വര്‍ഷാരംഭത്തില്‍ ലഭിച്ച മഴയെ തുടര്‍ന്ന് പുനര്‍ജനിച്ച പുഴ സൃഷ്ടിച്ച വെള്ളച്ചാട്ടം ഇതുവഴി കടന്നുപോകുന്ന യാത്രികരെ വീണ്ടും മാടിവിളിക്കാന്‍ തുടങ്ങിയിരുന്നു. അന്‍പത് അടിയിലേറെ ഉയരമുള്ള പാറക്കെട്ടിന് മുകളില്‍ നിന്നുള്ള വെള്ളച്ചാട്ടം കാഴ്ചക്കാരില്‍ അനുഭൂതി സൃഷ്ടിക്കുന്നു. ഉയരങ്ങളില്‍ നിന്നും മുത്തുമണികള്‍ പോലെ താഴേക്ക് വേഗതയിലെത്തി കല്ലില്‍ തട്ടി തകരുന്ന ജലകണികകള്‍ കാഴ്ചക്കാരെ ഏറെ ആകര്‍ഷിക്കുന്നതാണ്.
  കോട്ടയത്ത് നിന്നും കുമളിയിലേക്കും കുമളിയില്‍ നിന്ന് തിരികെയും പോകുന്ന യാത്രികരെ വളരെയേറെ ആകര്‍ഷിക്കുന്ന കൊട്ടാരക്കര-ദിണ്ഡുഗല്‍ ദേശീയപാതയിലെ പ്രധാന കേന്ദ്രം കൂടിയാണ് വളഞ്ഞാങ്കാനം. സര്‍വീസ് ബസ് ഒഴിച്ചുള്ള വാഹനങ്ങളില്‍ ഇതുവഴി കടന്നുപോകുന്നവര്‍ വെള്ളച്ചാട്ടം കാണാന്‍ വാഹനം നിര്‍ത്തുക പതിവാണ്. മിക്കവരും ഇവിടെയുള്ള വെള്ളക്കെട്ടിലിറങ്ങി കുളി കഴിഞ്ഞാണ് യാത്ര പുനരാരംഭിക്കുന്നത്. ഗ്രൂപ്പ് ഫോട്ടോയും സെല്‍ഫിയും എടുക്കാന്‍ സദാസമയവും ഇവിടെ നല്ല തിരക്കാണ്. ഇപ്പോള്‍ നേരിയ മഴ മൂലം ചെറിയ തോതിലുള്ള വെള്ളച്ചാട്ടം മാത്രാമാണുള്ളത്. മഴ കനത്ത് പുഴയിലൂടെയുള്ള നീരൊഴുക്ക് ശക്തിപ്പെട്ടാല്‍ വെള്ളച്ചാട്ടത്തിന്റെ ശക്തിയും വര്‍ധിക്കും.