വീടിനു മുകളിൽ മരംവീണ് യുവാവിന് പരിക്കേറ്റു
ചെറുതോണി: വീടിനുമുകളിലേക്ക് മരം കടപുഴകി വീണ് യുവാവിന് പരിക്കേറ്റു. ചെറുതോണി വെള്ളക്കയം ഭാഗത്ത് കൂരക്കുറ്റിയിൽ അഖിൽ (24) നാണ് പരിക്കേറ്റത്. ഇന്നലെ പുലർച്ചെ മൂന്നിനാണ് സംഭവം. നാലംഗ കുടുംബം ഉറക്കത്തിലായിരുന്നു. ശക്തമായ കാറ്റിലും മഴയിലും വീടിനോടു ചേർന്നുനിന്ന മരം കടപുഴകി വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു.
അഖിൽ കിടന്നിരുന്ന മുറിക്കുമുകളിലേക്കാണ് മരം വീണത്. മറ്റുള്ളവർ പരിക്കേൽക്കാതെ രക്ഷപെട്ടു. വീട്ടുകാരുടെ നിലവിളികേട്ട് അയൽവാസികൾ ഓടിക്കൂടിയാണ് അഖിലിനെ വീട്ടിൽനിന്നും പുറത്തെടുത്ത് ജില്ലാ ആശുപത്രിയിലെത്തിച്ചത്. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റിനു മുകളിലേക്ക് വീണ മരം നാട്ടുകാർ വെട്ടിമാറ്റി.

