കാടിനെ സ്നേഹിച്ച ജി കണ്ണന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കുമളി : കാടിനേയും കാട്ടുമൃഗങ്ങളേയും ജീവന് തുല്യം സ്നേഹിച്ച താടിക്കണ്ണന്‍ എന്ന ജി കണ്ണന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി. വനംവകുപ്പിലെ സാധാരണ വാച്ചറായിരുന്നിട്ടും വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരടക്കം അന്ത്യചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയത് കണ്ണന് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞ ആഴത്തിലുള്ള ബന്ധമാണ് തെളിയിക്കുന്നത്.
നാല് പതിറ്റാണ്ട് നീണ്ട വനസംരക്ഷണ പ്രവര്‍ത്തനത്തിനിടെ ബുധനാഴ്ച പകല്‍ പന്ത്രണ്ടോടെയാണ് കണ്ണന്‍ വനത്തിനുള്ളില്‍ വെച്ച് വിടവാങ്ങിയത്. പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിലെ സ്ഥിരം വാച്ചറായിരുന്നു. വീട്ടിലേക്കുള്ള വഴിയില്‍ നെല്ലിക്കാംപെട്ടിയില്‍ വെച്ച് കുഴഞ്ഞു വീണാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കുമളി സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് മൃതദേഹം തേക്കടി ചെക്പോസ്റ്റിന് സമീപത്തുള്ള സഹോദരന്‍ മണിയുടെ വീട്ടിലെത്തിച്ചത്.തുടര്‍ന്ന് ആനവച്ചാല്‍ ഭാഗത്ത് നിന്നും നൂറുകണക്കിന് പേര്‍ പങ്കെടുത്ത് വിലപായാത്രായായി  വനശ്രീ ഓഡിറ്റോറിയത്തിലേക്ക് മൃതദേഹം കൊണ്ടുപോയി. ഇവിടെ ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിന് വെച്ചു. പിന്നീട് വീട്ടിലേക്ക് കൊണ്ടുപോയി.വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍, മുന്‍ ഉദ്യോഗസ്ഥര്‍,ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, മാധ്യമ പ്രവര്‍ത്തകര്‍, സഹപ്രവര്‍ത്തകര്‍, നാട്ടുകാര്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ നൂറുകണക്കിന് പേര്‍ കണ്ണന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.

Photo Credits : Shaji's Kumily