കട്ടപ്പന ഐടിഐ ഹൈടെക് നിലവാരത്തിലേക്ക്
ചെറുതോണി > കട്ടപ്പന ഗവ.ഐടിഐ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ധിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി റോഷി അഗസ്റ്റിന് എംഎല്‍എ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ 28 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയ്യാറായിട്ടുള്ളത്.
1978 ല്‍ പ്രവര്‍ത്തനമാരംഭിച്ച് ഐടിഐ ക്ക് ഏതാനും വര്‍ഷങ്ങള്‍ മുമ്പാണ് കെട്ടുറപ്പുള്ള ഏതാനും കെട്ടിടങ്ങള്‍ നിര്‍മിക്കാനായത്. 13 ട്രേഡുകളിലായി 600 ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജില്ലയിലെ മികച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനമാണ്. രാജാക്കാട് , കഞ്ഞിക്കുഴി എന്നിവയാണ് ജില്ലയിലെ മറ്റ് ഐടിഐകള്‍.സംസ്ഥാനത്ത് 10 ഐടിഐകളാണ് ഹൈടെക് ആക്കുന്നതിന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കട്ടപ്പന ഐടിഐ ക്ക് സ്വന്തമായുള്ള എട്ട് ഏക്കര്‍ സ്ഥലത്ത് കൂടുതല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും.
മൂന്ന്നിലകെട്ടിടത്തില് മികച്ച സൌകര്യങ്ങളോടുകൂടിയ ക്ളാസ്സ്റൂമുകള്‍ നിര്‍മിക്കുന്നത് 23 കോടി 6 ലക്ഷം രൂപയും, പഠനോപകരണങ്ങള്‍ക്കും മെഷീനറികള്ക്കുമായി 2 കോടി 85 ലക്ഷം രൂപയും, സ്മാര്‍ട്ട് ക്ളാസ്സ് റൂമുകള്‍ നിര്‍മിക്കുന്നതിന് 11.76 ലക്ഷം രൂപയും , ഫര്‍ണീച്ചര്‍ വാങ്ങുന്നതിന് 33 ലക്ഷം രൂപയും ഐ ടി ലാബ് നവീകരിക്കുന്നതിന് 12.6 ലക്ഷം രൂപയും, കുടിവെള്ള പദ്ധതിക്കായി 25.5 ലക്ഷം രൂപയും, വേസ്റ്റ് നിര്‍മാര്‍ജ്ജനത്തിനായി രണ്ട്ലക്ഷം രൂപയും ഡിജിറ്റല്‍ ലൈബ്രറിക്കായി 1.5 ലക്ഷം രൂപയും വിദ്യാര്‍ഥികള്‍ക്ക് അനുബന്ധപരിശീലനത്തിനായി 2.5 ലക്ഷം രൂപയും ഓഫീസ് നവീകരണത്തിനായി 3.25 ലക്ഷം രൂപയും, കോമ്പൌണ്ട് നവീകരണത്തിന് 30 ലക്ഷം രൂപയും, ക്വാര്‍ട്ടേഴ്സ് നവീകരണത്തിനായി 85 ലക്ഷം രൂപയും എന്നിങ്ങനെ 28.82 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനമാണ് നടത്തുക.
സംസ്ഥാനത്തെ മികച്ച തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി കട്ടപ്പന ഐടിഐ മാറും. മികച്ച നിലവാരം ഉറപ്പാകുന്നതോടെ മള്‍ട്ടി നാഷ്ണല്‍ കമ്പനികളില്‍ നിന്നുള്‍പ്പെടെ ക്യാംപസ് റിക്രൂട്ട്മെന്റുകള്‍ക്ക് കട്ടപ്പന ഐടിഐ വേദിയാകുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് അനായാസം മികച്ച തൊഴില്‍ കണ്ടെത്തുവാനും സഹായകരമാകുമെന്നും എംഎല്‍എ പറഞ്ഞു.

