ശാഖായോഗം തെരഞ്ഞെടുപ്പ്: സംഘർഷത്തിൽ പങ്കില്ലെന്ന് സിപിഎം
നെടുങ്കണ്ടം: നെടുങ്കണ്ടം എസ്എൻഡിപി ശാഖായോഗത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്വം സിപിഎമ്മിന്റെ തലയിൽ കെട്ടിവയ്ക്കുവാനുള്ള നീക്കം തള്ളിക്കളയണമെന്ന് പാർട്ടി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ശാഖായോഗ തെരഞ്ഞെടുപ്പിൽ രണ്ടു പാനലുകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇവർ തമ്മിലാണ് സംഘർഷമുണ്ടായത്. ഇതിൽ സിപിഎമ്മിന് പങ്കില്ല.
കഴിഞ്ഞ 17 വർഷമായി തുടർച്ചയായി ഭരണം നടത്തുന്നവർക്കെതിരെയുണ്ടായ വികാരംമൂലമാണ് മറ്റൊരു പാനൽ മത്സരരംഗത്ത് എത്തിയത്. ഈ പാനൽ അന്പതിനും എഴുപത്തിഅഞ്ചിനും ഇടയിലുള്ള വോട്ടുകളുടെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. നിലവിലുള്ള ഭരണസമിതി വ്യാപകമായ രീതിയിൽ കള്ളവോട്ട് ചെയ്തില്ലായിരുന്നെങ്കിൽ ഫലം വ്യത്യസ്ഥമാകുമായിരുന്നു.
തെരഞ്ഞെടുപ്പ് സമയത്തുതന്നെ ആർഎസ്എസിന്റെയും ബിഡിജഐസിന്റെയും ഗുണ്ടകൾ ഓഫീസ് കോന്പൗണ്ടിൽ മാരകമായുധങ്ങളുമായി തന്പടിച്ചിരുന്നു.
ഫലപ്രഖ്യാപനം വന്നയുടനെ ഇവർ എതിർ സ്ഥാനാർഥിയായ കാഞ്ഞിക്കാട്ട് പ്രകാശിനെ മർദിക്കുകയാണുണ്ടായത്. ഇദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തടയാൻ ചെന്നപ്പോൾ സംഘർഷം ഉണ്ടാകുകയായിരുന്നു.
സമുദായ സംഘടനകളുടെ ഓഫീസ് ആക്രമിക്കുന്നത് സിപിഎം നയമല്ല. ഇങ്ങനെ വരുത്തിത്തീർക്കാൻ ആർഎസ്എസും ബിഡിജഐസും ഉന്നതതല ഗൂഢാലോചന നടത്തിയിരുന്നു. ശാഖായോഗത്തിന്റെ കാണിക്കവഞ്ചിക്ക് കേടുപാടുകൾ സംഭവിച്ചതും ക്ഷേത്രത്തിലേക്ക് ചുടുകട്ട എറിഞ്ഞതും ഉൾപ്പടെയുള്ള സംഭവങ്ങൾ അന്വേഷിച്ച് കുറ്റക്കാരെ കണ്ടെത്തണം.
വസ്തുതകൾ ജനങ്ങളോടുപറയാൻ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് പാർട്ടിയുടെ നേതൃത്വത്തിൽ പടിഞ്ഞാറേക്കവലയിൽ പൊതുസമ്മേളനം നടത്തുമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം പി.എൻ. വിജയൻ, എം. സുകുമാരൻ, ജി. ഗോപകൃഷ്ണൻ, ടി.എം. ജോണ് എന്നിവർ പറഞ്ഞു.

