ജൂലൈ ഒന്നു മുതല്‍ പുതിയ പട്ടയ അപേക്ഷകള്‍ സ്വീകരിക്കും

ഇടുക്കി > ജൂലൈ ഒന്നുമുതല്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് പട്ടയത്തിന് അപേക്ഷിക്കാം. തക്കതായ കാരണമില്ലാതെ പട്ടയം റെവന്യൂ അധികൃതര്‍ നിരസിച്ചാല്‍ ലാന്‍ റവന്യൂകമീഷ്ണര്‍ക്കും സര്‍ക്കാരിനും പരാതിനല്‍കാനും അവസരമുണ്ട്.
  1993ലെ വനഭൂമി കുടിയേറ്റ ക്രമീകരണ ചട്ടങ്ങള്‍ പ്രകാരം ജില്ലയില്‍പട്ടയത്തിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കും പുതുതായിഅപേക്ഷിക്കാം. ഭൂമി കൈമാറ്റം ചെയ്ത്വാങ്ങിയവര്‍ക്കും പട്ടയത്തിന് അപേക്ഷിക്കാം.  എല്‍ഡിഎഫ് സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനപ്രകാരം ജില്ലയിലുള്ള അര്‍ഹരായ എല്ലാവര്‍ക്കും പട്ടയം നല്‍കും. -
‘ഭൂമി കൈമാറി കിട്ടിയത് സംബന്ധിച്ച രേഖകളും, താമസം, കൃഷി ദേഹഖണ്ഡങ്ങള്‍ പരിശോധിച്ചുമാണ് കുടിയേറ്റ ക്രമീകരണ നിയമം 1993 പ്രകാരം പട്ടയംനല്‍കുന്നത്. അപേക്ഷ നല്‍കുന്നവര്‍ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റ്/ ലാന്‍ഡ് രജിസ്റ്ററില്‍ പേരുള്ളവരാകണം.  പട്ടയത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം മേല്‍വിലാസം തെളിയിക്കുന്ന രേഖകളും, കുടുംബതാമസം തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ 31വരെ എല്ലാ പ്രവൃത്തി ദിവസവും ഭൂമി പതിവ് ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് അവസരം ഉണ്ടായിരിക്കും. തൊടുപുഴ താലൂക്കിലെ വണ്ണപ്പുറം, ഉടുമ്പന്നൂര്‍, നെയ്യാശ്ശേരി, വെള്ളിയാമറ്റം എന്നീ വില്ലേജുകളിലെയും ഇടുക്കി താലൂക്കിലെ ഇടുക്കി, കഞ്ഞിക്കുഴി വില്ലേജുകളിലെയും ദേവികുളം താലൂക്കിലെ മന്നാംകണ്ടം വില്ലേജിലെയും ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റില്‍ പേര് ഉള്ളവര്‍ക്കും അവരില്‍ നിന്ന് ഭൂമി കൈമാറ്റം കിട്ടിയിട്ടുള്ളവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം.  ഉടുമ്പന്‍ചോല താലൂക്കിലെ എല്ലാ വില്ലേജുകളിലെയും ഇടുക്കി താലൂക്കിലെ തങ്കമണി വില്ലേജിലെയും റീസര്‍വെ രജിസ്റ്ററില്‍ പേരുള്ളവര്‍ക്കോ അവരില്‍ നിന്നും ഭൂമി കൈമാറ്റം ലഭിച്ചിട്ടുള്ളവര്‍ക്കോ അവരുടെ ‘ഭൂമിക്ക് അപേക്ഷ സമര്‍പ്പിക്കാം. 
 വണ്ണപ്പുറം, നെയ്യാശ്ശേരി, വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, അറക്കുളം എന്നീ വില്ലേജുകളിലെ അപേക്ഷ കരിമണ്ണൂര്‍ സ്പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍ എ) ഓഫീസില്‍ സ്വീകരിക്കും. കഞ്ഞിക്കുഴി, ഇടുക്കി, തങ്കമണി വില്ലേജുകളിലെ അപേക്ഷ ഇടുക്കി സ്പെഷ്യല്‍ തഹസീല്‍ദാര്‍(എല്‍ എ) ഓഫീസിലും, വാത്തിക്കുടി, ഉപ്പുതോട്, കൊന്നത്തടി വില്ലേജുകളിലെ അപേക്ഷ മുരിക്കാശ്ശേരി സ്പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍ എ) ഓഫീസിലും സ്വീകരിക്കും. രാജാക്കാട്, രാജകുമാരി, പൂപ്പാറ, ശാന്തന്‍പാറ, ബൈസണ്‍വാലി, കാന്തിപ്പാറ, മന്നാംകണ്ടം  വില്ലേജുകളിലെ അപേക്ഷ രാജാക്കാട് സ്പെഷ്യല്‍ തഹസീല്‍ദാര്‍(എല്‍ എ) ഓഫീസിലും, അണക്കര, ചക്കുപള്ളം, ആനവിലാസം, കരുണാപുരം, പാറത്തോട്, പാമ്പാടുംപാറ, വണ്ടന്‍മേട്, ഉടുമ്പന്‍ചോല. കല്‍ക്കൂന്തല്‍, ചതുരംഗപ്പാറ വില്ലേജുകളിലെ അപേക്ഷ നെടുങ്കണ്ടം സ്പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍എ ) ഓഫീസിലും  സ്വീകരിക്കും.കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, കട്ടപ്പന, ഇരട്ടയാര്‍  വില്ലേജുകളിലേത് കട്ടപ്പന സ്പെഷ്യല്‍ തഹസീല്‍ദാര്‍ (എല്‍ എ) ഓഫീസിലും ഉപ്പുതറ വില്ലേജിലെ അപേക്ഷ പീരുമേട് സ്പെഷ്യല്‍ തഹസീല്‍ദാറുടെ (എല്‍ എ) ഓഫീസിലും അപേക്ഷിക്കാം.