ടൂറിസം വികസന കുതിപ്പില്‍ വാഗമണ്‍
ഏലപ്പാറ : വാഗമണ്‍ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് കോടികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. പ്രതിവര്‍ഷം 10 ലക്ഷത്തിലധികം വിനോദ സഞ്ചാരികളാണ് വാഗമണ്ണിലെത്തുന്നത്. ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ സ്വദേശിദര്‍ശന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഞ്ചാരികള്‍ക്കായി പാര്‍ക്ക്, , ആംഫി തിയറ്റര്‍, നടപ്പാതകള്‍, റെയിവേ ഷെല്‍റ്റര്‍, പാര്‍ക്കിങ് സൌകര്യം, സാഹസിക ഉദ്യാനം, പൈന്പാര്ക്ക്, താമസസൌകര്യങ്ങള്‍, ശുചിമുറികള്‍ എന്നിങ്ങനെ വിശാലമായ വികസന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ആത്മഹത്യ മുനമ്പിലേക്ക് റോഡ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. 2016 ജനുവരി 16നാണ് നിര്‍മാണ പ്രവര്‍ത്തങ്ങളുടെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്.
സാഹസിക വിനോദ സഞ്ചാര രംഗത്ത് വാഗമണ്ണിന്റെ പ്രത്യേകത പരാമവധി പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുകയാണ സര്‍ക്കാര്‍ ലക്ഷ്യം. ഈ രംഗത്ത് വമ്പിച്ച തൊഴില്‍ സാധ്യത ഉറപ്പുവരുത്താനും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ഖജനാവിലേക്ക് കോടികളുടെ വരുമാനവും ലഭിക്കാനുതകുന്ന നിരവധി പദ്ധതികളും ആസൂത്രണം ചെയ്യുന്നുണ്ട്. അന്തരാഷ്ട്ര പാരാഗ്ളൈസിങ് അക്കാദമി പോലുള്ള സംരംഭങ്ങള്‍ക്ക് പ്രധാന്യം നല്‍കുന്നുണ്ട്. പ്രകൃതി രമണീയമായ പുല്‍മേടുകള്‍കൊണ്ട് സമ്പന്നമായ വാഗമണ്ണിനെ പ്ളാസ്റ്റിക് രഹിത മേഖലയാക്കി ജൈവസമ്പത്ത് സംരക്ഷിക്കുന്നതിന് മുന്തിയ പരിഗണനയും നല്കുന്നു.
വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനും പരിപാടികള്‍ തയാറാക്കുന്നു. ജപ്പാന്, കൊറിയ, ചൈന, മലേഷ്യ, ഓസ്ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളുമായി സംയുക്ത പദ്ധതി നടപ്പാക്കും. വിദേശികളെ ആകര്‍ഷിക്കാന്‍ വിവിധ കര്മപരിപാടികളുമ സര്‍ക്കാര്‍ നടപ്പാക്കുന്നതോടെ വാഗമണ്‍ ടൂറിസത്തിന് ഉണര്‍വേകും.

