കാഴ്ചയുടെ പാലാഴിയായി വാളറ ജലപാതം
അടിമാലി : സഞ്ചാരികളുടെ മനസിനും ശരീരത്തിനും കുളിര്‍മ പകര്‍ന്ന് വാളറ വെള്ളച്ചാട്ടം. കൊച്ചി-മധുര ദേശീയപാതയോരത്തെ അതിശക്തമായ കുത്തൊഴുക്കാണ് ഏവരേയും ആകര്‍ഷിക്കുന്നത്. മലമുകളില്‍തട്ടി ചിന്നിചിതറി പാല്‍നുരപോലെ കുതിച്ചു പായുന്നത് കാണാന്‍ ആയിരങ്ങളാണ് എത്തുന്നത്. റോഡിന് സമീപം വീഴുന്ന ജലത്തില്‍ കുളിക്കുന്നതവരും ഏറെ. അപകട സാധ്യത ഉള്ളതിനാല്‍ സൂക്ഷിക്കേണ്ടതുണ്ട്. മഴ ശക്തമായതോടെ ദേവിയാര്‍ പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. കൊരങ്ങാട്ടി തലമാലിയില്‍ നിന്നാരംഭിക്കുന്ന മലവെള്ളം ദേവിയാര്‍ പുഴയില്‍ എത്തുന്നു. ഇരുമ്പുപാലം ചില്ലിത്തോട്ടില്‍ നിന്നുള്‍പ്പടെ ചെറുതും വലുതുമായ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന വെള്ളമാണ് വാളറകുത്തില്‍ എത്തുന്നത്. ദേശീയപാതയോരത്ത് നിന്നാല്‍ വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് ആസ്വദിക്കാനാവും. മൂന്നാറിലേക്കുള്ള യാത്രയില്‍ സഞ്ചാരികളുടെ ഇടത്താവളമാണ് ചീയപ്പാറയും വാളറയും. നേര്യമംഗലം മുതല്‍ വാളറ വരെയുള്ള വനമേഖലയില്‍ സഞ്ചാരികളെ മനം കവര്‍ന്ന് നിരവധി ചെറു വെള്ളച്ചാട്ടങ്ങള്‍ ആസ്വദിക്കുവാന്‍ കഴിയും. വാളറയില്‍ കെടിഡിസിയുടെ വഴിയോര വിശ്രമകേന്ദ്രവും ഉണ്ട്. കാലങ്ങളായി അനാഥമായി കിടന്നിരുന്ന വിശ്രമകേന്ദ്രം എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നശേഷമാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയാറായാല്‍ വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രമാക്കി മാറ്റാനാവും.

