മൂന്നാറിലെ വീഴ്ച; പിഴ ആനവിലാസത്തിന്
കട്ടപ്പന: മൂന്നാറില്‍ നടക്കുന്ന കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മാണങ്ങള്‍ക്കും ആനവിലാസം വില്ലേജിലെ സാധാരണ കര്‍ഷകര്‍ക്കു പിഴ.
സര്‍ക്കാര്‍ ഭൂമികൈയേറ്റങ്ങളോ റിസോര്‍ട്ടുകളോ ഒന്നും ഇല്ലാത്ത ലോകത്തെ ഏറ്റവും മികച്ച ഏലം കൃഷിയുള്ള വില്ലേജാണ് ആനവിലാസം.
കെഡിഎച്ച് വില്ലേജിലേയും മൂന്നാര്‍ ഉള്‍പ്പെടെയുള്ള ദേവികുളം താലൂക്കിലേയും ഭൂമി കൈയേറ്റങ്ങളും, അനധികൃത നിര്‍മാണങ്ങളും തടയുന്നതിനും മൂന്നാര്‍ മേഖലയിലെ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനുമായി ഏര്‍പ്പെടുത്തിയ നിയമമാണ് അറിയാതെ അനവിലാസം കാരുടെ തലയില്‍ ഇടിത്തീയായി വീണിരിക്കുന്നത്.
സ്ഥലകാലം കൊണ്ടും ദൂരം കൊണ്ടും കാലാവസ്ഥ കൊണ്ടും ദേവികുളം താലൂക്കും ആനവിലാസം വില്ലേജും തമ്മില്‍ യാതൊരുതരത്തിലും ബന്ധിപ്പിക്കാനും കഴിയില്ല. ദേവികുളത്തുനിന്നും റോഡുമാര്‍ഗം 150 കിലോമീറ്റര്‍ യാത്ര ചെയ്താലെ ആനവിലാസത്ത് എത്താന്‍ കഴിയൂ.
ദേവികുളം താലൂക്കും കഴിഞ്ഞ് കേരളത്തിലെ ഏറ്റവും വിസ്തൃതമായ ഉടുമ്പന്‍ചോല താലൂക്കും താണ്ടി പീരുമേട് താലൂക്കിന്റെ അറ്റത്തുള്ള ജനവാസം ഏറെ കുറവുള്ള ചെറിയ വില്ലേജാണ് ആനവിലാസം.
മൂന്നാറിന്റെ ജൈവ വൈവിധ്യത്തിന്റെയും സര്‍ക്കാര്‍ ഭൂമിയുടെയും സംരക്ഷണത്തിനെന്ന് പലതവണ പരാമര്‍ശിച്ച് ഇറക്കിയ സര്‍ക്കാര്‍ ഉത്തരവിലാണ് ആനവിലാസം വില്ലേജ് അകപ്പെട്ടിരിക്കുന്നത്.
മൂന്നാറിനെ സംരക്ഷിക്കാന്‍ 2010 ഓഗസ്റ്റിലെ സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം രൂപം കൊണ്ട മൂന്നാര്‍ ട്രൈബ്യൂണലിന്റെ പരിധിയിലാണ് ആനവിലാസം വില്ലേജ്.
അതിനാല്‍ ഇവിടെയുള്ള നിര്‍മാണങ്ങള്‍ക്ക് ജില്ലാകളക്ടറുടെ പ്രത്യേക അനുമതി വേണം. ആനവിലാസത്ത് പ്രധാനമായി നടക്കുന്ന നിര്‍മാണം താമസിക്കാനുള്ള വീട്, ചെറുകിട കച്ചവട സ്ഥാപനം, കൃഷി ആവശ്യത്തിനുള്ള സംഭരണപുരകള്, ഏലക്കായ് ഉണക്കല്‍ ഉള്‍പ്പെടെയുള്ള പ്രോസസിംഗ് കെട്ടിടങ്ങള്‍ എന്നിവ മാത്രമാണ്.
ഏലക്കാസ്റ്റോര് ഇല്ലാതെ ഇവിടെ കൃഷി അസാധ്യവുമാണ്.
സ്വന്തമായി താസസിക്കാനുള്ള വീടിനൊഴിച്ച് മറ്റൊന്നിനും നിര്‍മാണാനുമതി നല്കാന് ട്രൈബ്യൂണല്‍ നിയമപ്രകാരം ജില്ലാ കളക്ടര്‍ക്ക് അധികാരവുമില്ല.
വീടുനിര്‍മാണത്തിനു എന്‍ഒസി വാങ്ങാന്‍പോലും ആനവിലാസംകാര്ക്ക് ദേവികുളം ആര്‍ഡിഒ ഓഫീസില്‍പോയി അനുമതി സമ്പാദിക്കുകയെന്നത് അപ്രായോഗികവുമാണ്. ദേവികുളത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കാന്‍ ആനവിലാസത്തു കെട്ടിടം നിര്‍മിക്കരുതെന്ന നിബന്ധന അബദ്ധത്തില്‍ സംഭവിച്ചാതാകാനുള്ള സാധ്യതയാണേറെ.
എങ്കിലും ഇതു പരിശോധിക്കാനൊ ആളുകളുടെ ബുദ്ധിമുട്ട് പരിഹരിക്കാനോ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ യാതൊരു നീക്കവും ഏഴു വര്‍ഷമായി നടന്നിട്ടില്ല.
2010 ഓഗസ്റ്റ് ഏഴിലെ ഗസറ്റ് വിജ്ഞാപന പ്രകാരം മൂന്നാറിലെ ഭൂമിസംരക്ഷണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച മൂന്നാര്‍ സ്പെഷല്‍ ട്രൈബ്യൂണലിന്റെ പരിധിയില്‍ കെഡിഎച്ച് വില്ലേജിനെ കൂടാതെ ചിന്നക്കനാല്‍, ശാന്തന്‍പാറ, വെള്ളത്തൂവല്‍, ആനവിലാസം, പള്ളിവാസല്‍, ആനവിരട്ടി, ബൈസന്‍വാലി എന്നീ ഏഴു വില്ലേജുകളെ കൂടി ഉള്‍പ്പെടുത്തി.
ഇതില്‍ ആനവിലാസം ഒഴിച്ചുള്ള വില്ലേജുകള്‍ ദേവികുളം താലൂക്കിലാണ്. ഇതില്‍ ആനവിലാസം വില്ലേജ് ഉള്‍പ്പെട്ടത് ദുരൂഹമാണ്. എട്ടുവില്ലേജുകളില്‍ നിര്‍മാണത്തിലിരിക്കുന്നതും ജില്ലാകളക്ടറുടെ നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുമായ എല്ലാ കെട്ടിട നിര്‍മാണങ്ങളും നിര്‍ത്തി വയ്പിക്കേണ്ടതാണെന്നും 2016 മാര്‍ച്ച് നാലിലെ ദേവികുളം ആര്‍ഡിഒ യുടെ ഉത്തരവില്‍ പറയുന്നു.
ഇതോടെ ആനവിലാസത്തെ എല്ലാനിര്മാണങ്ങള്ക്കും നിരോധനം ബാധകമായിരിക്കുകയാണ്. ആനവിലാസം പൗരസമിതി നല്കിയ വിവരാവകാശ നിയമ പ്രകാമുള്ള അപേക്ഷയില്‍ ലഭിച്ച മറുപടിയില്‍ ആനവിലാസം വില്ലേജിലെ 11 നിര്‍മാണങ്ങള്‍ക്ക് നിര്‍മാണ നിരോധന ഉത്തരവു നല്‍യിട്ടുണ്ട്. ഇവിടെ സര്‍ക്കാര്‍ ഭൂമി ആരും കൈയേറിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.
ഒരുതുണ്ടു സര്‍ക്കാര്‍ ഭൂമിപോലും കൈയേറിയിട്ടില്ലാത്ത ആനവിലാസത്താണ് ഭീമന് കൈയേറ്റം നടന്നിട്ടുള്ള മൂന്നാറിനോടുകൂടി ചേര്‍ത്തു നിര്‍മാണ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

