കാലവർഷം കനത്തു; അറക്കുളത്ത് മണ്ണിടിച്ചിൽ വ്യാപകം
| മൂലമറ്റം: കാലവര്‍ഷം കനത്തതോടെ മൂലമറ്റത്തും സമീപ പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ വ്യാപകം. മൂലമറ്റം ഇടുക്കി, കോട്ടമല, പതിപ്പള്ളി തുടങ്ങിയ റോഡുകളില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മരവും മണ്ണും കല്ലും കൊണ്ട് റോഡുകള്‍ പലതും നിറഞ്ഞു. ദിവസേന നൂറുകണക്കിനു വിനോദ സഞ്ചാരികള്‍ കടന്നു പോകുന്ന വഴികളിലാണ് മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. രണ്ടു വീടുകളുടെ സംരക്ഷണ ഭിത്തി തകര്‍ന്നു. പതിപ്പള്ളി നെല്ലിപ്ലാക്കല് സരോജനിയുടെ വീടിനു പിൻവശത്തെ വലിയ കല്ല് ഉരുണ്ട് വീടിനുമേല്‍ പതിച്ച് നാശനഷ്ടം സംഭവിച്ചു. ചേറാടി കട്ടിയപുരയ്ക്കല് സജീവന്റെ മുറ്റം ഇടിഞ്ഞു വീട് അപകടാവസ്ഥയിലായി. സംഭവസ്ഥലം അറക്കുളം വില്ലേജ് അധികൃതര്‍ സന്ദര്‍ശിച്ചു. കുളമാവ്, കരിപ്പലങ്ങാട്, തുമ്പച്ചി, നാടുകാണി, പതിപ്പള്ളി, ആശ്രമം തുടങ്ങിയ സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വെള്ളിയാമറ്റം കോഴിപ്പള്ളിക്ക് സമീപം വീടിനു മുകളിലേയ്ക്കു മണ്ണിടിഞ്ഞു മാരിയില്‍ ഗോപിനാഥിന്റെ മകള്‍ രാധ (35)ക്കു പരിക്കേറ്റു. വീടിനു പിന്നില്‍ പാത്രം കഴുകി കൊണ്ടിരുന്ന രാധയുടെയും വളര്‍ത്തുനായയുടെയും മേല്‍ ഇരുപത്തിയഞ്ചടി ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞു വീഴുകയായിരുന്നു. രാധയും നായയും മണ്ണിനടിയില്‍പെട്ടു. സംഭവം കണ്ട് ഓടികൂടിയ നാട്ടുകാര്‍ മണ്ണു മാറ്റി രക്ഷപെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷമുണ്ടായ കാലവര്‍ഷത്തില്‍ ഇതേ സ്ഥലത്ത് മണ്ണ് ഇടിയുകയും വീടിനു നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. അന്ന് ബന്ധപ്പെട്ട അധികാരികള്‍ വന്ന് സ്ഥലം സന്ദര്‍ശിക്കുകയും നഷ്ട പരിഹാരം നല്‍കാമെന്നു പറഞ്ഞെങ്കിലും ഇതുവരെ ഒന്നും ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. കാലവര്‍ഷം കനക്കുന്നതോടെ ദിനം പ്രതി വഴി പരിചയമില്ലാത്ത വിനോദ സഞ്ചാരികള്‍ കടന്നു വരുന്ന ഇടുക്കി, വാഗമണ്‍, കോട്ടമല റോഡുകളില്‍ അപകടങ്ങള്‍ പതിയിരിക്കുന്നത് അറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് ഉള്ളത്. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ആശങ്കയിലാണ്. |

