ആന്ധ്രയിൽനിന്നും എത്തിച്ച ഗ്രാൻഡിസ് തൈകൾ തടഞ്ഞു
മറയൂർ: ഹൈറേഞ്ചിൽ നട്ടുപിടിപ്പിക്കാനായി ആന്ധ്രയിൽനിന്നും എത്തിച്ച രണ്ടുലോഡ് ഗ്രാൻഡിസ് തൈകൾ നാട്ടുകാർ മറയൂരിൽ തടഞ്ഞു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് ചിന്നാർ ചെക്ക്പോസ്റ്റ് കടന്ന് ഒരുലക്ഷം തൈകൾ രണ്ടു നാഷണൽ പെർമിറ്റ് ലോറികളിലായി എത്തിയത്.
പ്രദേശത്തെ ഗ്രാൻഡീസ് മരങ്ങൾ കാരണം കുടിവെള്ളം മുട്ടിയ മറയൂർ നിവാസികൾ രോഷാകുലരായി മേലാടി ഭാഗത്ത് ലോറികൾ തടയുകയായിരുന്നു. പോലീസെത്തി വാഹനരേഖകൾ പരിശോധിച്ചശേഷം നിയമപരമായി കസ്റ്റഡിയിൽ എടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് വിട്ടയക്കാൻ തീരുമാനിച്ചെങ്കിലും നാട്ടുകാർ പിൻവാങ്ങിയില്ല.
പിന്നീട് സ്ഥലത്തെത്തിയ മറയൂർ റെയിഞ്ച് ഓഫീസറും പോലീസിന്റെ നിലപാട് സ്വീകരിച്ചു. പിന്നീട് നാട്ടുകാർ സബ്കളക്ടറെ ഫോണിൽ ബന്ധപ്പെട്ട് വിവരങ്ങൾ അറിയിക്കുകയും ജില്ലയിൽ നട്ടുപിടിപ്പിക്കുന്നതിനും മുറിക്കുന്നതിനും നിരോധനമുള്ളതും പരിസ്ഥിതി ആഘാതം വരുത്തുന്നതുമായ ഗ്രാൻഡീസ് മരങ്ങൾ കയറ്റിവന്ന വാഹനങ്ങൾ തടഞ്ഞിടാൻ മറയൂർ പോലീസിന് നിർദേശം നൽകുകയായിരുന്നു.ആന്ധയിലെ നഗരിപേട്ടയിൽനിന്നും മൂന്നാർ ഭാഗങ്ങളിലേക്ക് കൊണ്ടുവന്ന തൈകളാണ് സബ്കളക്ടറുടെ നിർദേശത്തെതുടർന്ന് മറയൂർ പോലീസ് തടഞ്ഞിട്ടിരിക്കുന്നത്.

