കൊലപാതകമെന്നുറച്ച് നാട്ടുകാർ
പീരുമേട്: ഷാജിയുടെ മരണം കൊലപാതകമെന്ന് വിശ്വസിച്ച് നാട്ടുകാർ. ഏലതോട്ടത്തിൽ മൃതദേഹം കണ്ടെത്തിയ നാട്ടുകാർ സംഭവസ്ഥലത്ത് കണ്ട അസ്വഭാവികതയാണ് കൊലപാതകമാണെന്ന് കരുതാൻ കാരണം. മനപൂർവമോ അബദ്ധത്തിലോ സംഭവിച്ച മരണം സ്വയം നിറയൊഴിച്ചതെന്നു വരുത്തിതീർക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഒന്‍പതിനും പത്തിനുമിടയിൽ രണ്ടുതവണ വെടിയൊച്ച കേട്ടതായും സമീപവാസികൾ പറഞ്ഞു.
ശരീരത്തിലുള്ള അന്‍പതിലധികം മുറിവുകൾ നിശ്ചിത ദൂരത്തുനിന്നും വെടികൊണ്ടതിനാലാണ് ഉണ്ടായത്. മൃതദേഹം കിടന്നിടത്തുനിന്നും ഒരുകിലോമീറ്റർ അകലെ മരക്കൊന്പിൽ രക്തംപുരണ്ട തോർത്ത് കണ്ടതിനാൽ സംഭവസ്ഥലത്ത് ഒന്നിലധികം പേരുണ്ടന്നുള്ള സംശയം ഇരട്ടിക്കുന്നു. മൃതദേഹം കിടന്ന സ്ഥലത്തുതന്നെയാണോ മരണം നടന്നതെന്നും സംശയമുണ്ട്. മൃതദേഹം കിടന്നിരുന്ന പുല്ലിൽ മരണവെപ്രാളം നിമിത്തം സംഭവിക്കാവുന്ന പാടുകൾ ഒന്നും കാണാത്തതിനാലും സ്വയം മരുന്നുനിറച്ചപ്പോൾ സംഭവിച്ച അപകടമെങ്കിൽ തൊട്ടടുത്ത് നിരപ്പുസ്ഥലവുള്ളപ്പോൾ ഇറക്കപ്പുറമായ പുല്ലിൽനിന്ന് മരുന്നുനിറയ്ക്കാൻ സാധ്യതയില്ലാത്തതുമാണ് മരണം സംഭവിച്ചത് മറ്റെവിടെങ്കിലുമാണന്നുള്ള സംശയം നാട്ടുകാരിൽ ഉയരാൻ കാരണം.

