കാര്‍ഷികവിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ


തൊടുപുഴ : കര്‍ഷകര്‍ക്ക് ആശ്വാസമേകി കാര്‍ഷികവിളകള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുന്ന കര്‍മ്മപദ്ധതിക്ക് ശനിയാഴ്ച തുടക്കം. കാര്‍ഷികമേഖലയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണിത്. പ്രകൃതിക്ഷോഭത്താലും മറ്റും കാര്‍ഷികവിളകള്‍ക്ക് പൂര്‍ണമായ നാശം നേരിടുന്ന കര്‍ഷകര്‍ക്ക് ഇനിമുതല്‍ പരിതപിക്കേണ്ട. നിലവില്‍ ലഭിച്ചിരുന്നതിന്റെ പതിമൂന്നിരട്ടി വരെ നഷ്ടപരിഹാരമാണ് വിള ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ലഭ്യമാവുക. കാര്‍ഷികവിളകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച എല്ലാ കൃഷിഭവനുകളിലും വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കും. എല്ലാ കര്‍ഷകരെയും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിള ഇന്‍ഷുറന്‍സ് ദിനം ആചരിക്കുന്നത്.
കൃഷിഭവനുകള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇരുപത്തഞ്ചോളം കാര്‍ഷിക വിളകളെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുടെ കീഴില്‍ കൊണ്ടുവരുന്നത്. കൃഷി ഉദ്യോഗസ്ഥര്‍ മുഖേനയോ ഏജന്റുമാര്‍ മുഖേനയോ കര്‍ഷകര്‍ക്ക് പ്രീമിയം അടച്ച് പദ്ധതിയില്‍ ചേരാം. സ്വന്തം സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്കു പുറമെ പാട്ടകൃഷി ചെയ്യുന്നവര്‍ക്കും പദ്ധതിയില്‍ അംഗമാവാം. നഷ്ടപരിഹാരത്തിന് അര്‍ഹരാവുന്ന സമയത്ത് കൃഷി ഉദ്യോഗസ്ഥരുടെ സാക്ഷ്യപത്രം ഹാജരാക്കിയാല്‍ മതി. വിള നശിച്ചാല്‍ 15 ദിവസത്തിനുള്ളില്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ കൃഷിഭവനില്‍ അപേക്ഷ നല്‍കണം. കൃഷി ഉദ്യോഗസ്ഥര്‍ അഞ്ചു ദിവസത്തിനകം നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് നല്‍കും. തുടര്‍ന്ന് നഷ്ടപരിഹാരവും ലഭ്യമാവും. ഓരോ കാര്‍ഷികവിളകള്‍ക്കും പ്രീമിയവും നിശ്ചയിച്ചിട്ടുണ്ട്. ചെറിയ നിരക്കിലുള്ള പ്രീമിയമായതിനാല്‍ കര്‍ഷകര്‍ക്കും ബുദ്ധിമുട്ടില്ല. കര്‍ഷകനെ ഇന്‍ഷുറന്‍സില്‍ ചേര്‍ക്കുന്ന ഏജന്റിന് എട്ടു ശതമാനവും കൃഷി അസിസ്റ്റന്റിന് 1.5 ശതമാനവും കൃഷി ഓഫീസര്‍ക്ക് 0.5 ശതമാനവും കമീഷനും ലഭിക്കും. 
ഉരുള്‍പൊട്ടല്‍, വന്യജീവി ആക്രമണം, കാട്ടുതീ, മണ്ണിടിച്ചില്‍, ഇടിമിന്നല്‍, ഭൂമികുലുക്കം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, വരള്‍ച്ചാ കെടുതി, വെള്ളപ്പൊക്കം, കടലാക്രമണം എന്നിവ മൂലം കാര്‍ഷികവിളകള്‍ക്ക് നാശം നേരിട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാണ്. കുട്ടനാട്, പാലക്കാട് എന്നിവിടങ്ങളില്‍ കീടബാധ മൂലം നെല്‍കൃഷിക്ക് നാശം നേരിട്ടാലും നഷ്ട പരിഹാരം ലഭിക്കും. നഷ്ടപരിഹാരതുക കര്‍ഷകന്റെ പേരിലുള്ള അക്കൌണ്ടിലേയ്ക്കാണ് നല്‍കുന്നത്. പ്രീമിയം അടച്ച് ഏഴു ദിവസം പിന്നിടുമ്പോള്‍ മുതല്‍ കര്‍ഷകന്‍ നഷ്ടപരിഹാരം ലഭിക്കാന്‍ പ്രാപ്തനാവും.