പിതൃസ്മരണപുതുക്കി ആയിരങ്ങൾ ബലിതർപ്പണം നടത്തി
ഉപ്പുതറ: അയ്യപ്പൻകോവിൽ പുരാതന ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ആയിരങ്ങൾ ബലിതർപ്പണം നടത്തി പിതൃസ്മരണ പുതുക്കി. കർക്കിടക മാസത്തിലെ കറുത്തവാവ് ദിവസമാണ് ഭക്തജനങ്ങൾ ബലിതർപ്പണം നടത്തുന്നത്. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടമാസത്തിലെ കറുത്തവാവ് പുണ്യദിനമായി വിശ്വസികൾ കരുതുന്നത്. ഒരുദിവസം വൃതമെടുത്ത് കറുത്തവാവ് ദിവസം രാവിലെ കുളിച്ച് ശുദ്ധിവരുത്തി ഈറനോടെ മണ്മറഞ്ഞുപോയ ആത്മാക്കളെ മനസിൽ ധ്യാനിച്ച് അവരുടെ ആത്മശാന്തിക്കായി ബലിയിടുന്നത് പുണ്യമാണ്.
ക്ഷേത്രത്തിൽ വലിയ ഭക്തജനത്തിരക്കാണുണ്ടായത്. പുലർച്ചെ 5.30-നുതന്നെ ബലിതർപ്പണചടങ്ങുകൾ നടന്നു. ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലെത്താൻ വിപുലമായക്രമീകരണമാണ് ഒരുക്കിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭക്തജനങ്ങളാണ് ബലിതർപ്പണത്തിനായി എത്തിയത്. പ്രത്യകം തയാറാക്കിയ പന്തലിൽ ബലിയിട്ടശേഷം പെരിയാറ്റിൽ മുങ്ങിക്കുളിച്ച് ക്ഷേത്രത്തിലെ ദർശനവുംകഴിഞ്ഞ് ഒൗഷധകഞ്ഞിയും കുടിച്ചാണ് ഭക്തജനങ്ങൾ മടങ്ങുന്നത്. ജില്ലക്കകത്തും പുറത്തുംനിന്നും ഇവിടെ ബലിതർപ്പണത്തിനായി ഭക്തജനങ്ങൾ എത്തുന്നുണ്ട്. ഹൈെറേഞ്ചിലെ വിവിധ ക്ഷേത്രങ്ങളിലും ബലിതർപ്പണചടങ്ങുകൾ നടന്നു.

