ശക്തമായ കാറ്റിലും മഴയിലും വൻമരങ്ങൾ കടപുഴകിവീണു
ഉപ്പുതറ: ശക്തമായ കാറ്റിലും മഴയിലും സ്വരാജിൽ വൻമരങ്ങൾ കടപുഴകിവീണു. സ്വരാജ് ഹയർസെക്കൻഡറി സ്കൂൾ പരിസരത്ത് നിന്നിരുന്ന മരങ്ങളാണ് കടപുഴകിവീണത്. മരങ്ങൾ കടപുഴകിവീണതോടെ കട്ടപ്പന കുട്ടിക്കാനം സംസ്ഥാനപാതയിൽ ഗതാഗതം മുടങ്ങി. സ്കൂൾ സമയം കഴിഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്. വർഷങ്ങൾ പഴക്കമുള്ള വൻമരങ്ങളാണ് കടപുഴകിവീണത്. അക്വേഷ്യ, പൂവാകയിനത്തിൽപെട്ട മരങ്ങളാണ് വീണത്. മരം 66 ,11 കെവി ലൈനുകൾക്ക് മുകളിലേക്കാണ് വീണത്. കട്ടപ്പനയിൽനിന്നും ഫയർഫോഴ്സും പോലീസുമെത്തിയാണ് മരങ്ങൾ വെട്ടിനീക്കി ഗതാഗതം പുനസ്ഥാപിച്ചത്. മൂന്നുമണിക്കൂറുകളോളം ഗതാഗതം മുടങ്ങി.
മരങ്ങൾ വീണ ആഘാതത്തിൽ നിരവധി വൈദ്യുതിപോസ്റ്റുകളും തകർന്നു. ഇതോടെ പ്രദേശത്തെ വൈദ്യുതി മുടങ്ങുകയുംചെയ്തു. വർങ്ങൾക്കുമുന്പ് പരിസ്ഥിതിപ്രവർത്തകരാണ് സ്കൂൾ പരിസരത്ത് മരങ്ങൾ വച്ചുപിടിപ്പിച്ചത്. മരങ്ങൾ വളർന്ന് വലുതായപ്പോൾ അപകടഭീഷണിയും ഉയർത്താൻ തുടങ്ങി.
രണ്ടാഴ്ചമുന്പ് സ്കൂൾ പരിസരത്ത് നിന്നിരുന്ന ഒരുമരം കടപുഴകിവീണ് സ്വകാര്യവ്യക്തിയുടെ വീടു തകർന്നിരുന്നു. മരങ്ങൾ വെട്ടിനീക്കണമെന്ന് നിരവധിതവണ പഞ്ചാത്തധികൃതരോടും വനപാലകരോടും നാട്ടുകാർ ആവശ്യമുന്നയിച്ചതാണ്. എന്നാൽ ഇതുവരെ യാതൊരുനടപടിയും ഉണ്ടായില്ല. ഇനിയും നിരവധി മരങ്ങളാണ് അപകടഭീഷണി ഉയർത്തി സ്കൂൾ പരിസരത്ത് നിൽക്കുന്നത്.



