തൊടുപുഴയിൽ പ്രകടനത്തിനിടെ പരക്കെ അക്രമം
തൊടുപുഴ: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ കച്ചവടവൽകരണത്തിനെതിരെ കെ.എസ് യു ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ നടത്തിയ മാർച്ചിനുനേരെ പോലീസ് നടത്തിയ ലാത്തിചാർജിൽ പ്രതിഷേധിച്ച് ഇന്നലെ ജില്ലയിൽ യുഡിഎഫ് ആഹ്വാനംചെയ്ത ഹർത്താൽ പൂർണം. ഹർത്താലിനോടനുബന്ധിച്ച് തൊടുപുഴയിൽ യുഡിഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തോടനുബന്ധിച്ച് അക്രമസംഭവങ്ങൾ അരങ്ങേറി. കടകളും സർക്കാർ സ്ഥാപനങ്ങളും അടയ്ക്കാനുള്ള ശ്രമത്തിനിടയിൽ പല സ്ഥാപനങ്ങൾക്കുനേരെയും കല്ലേറുണ്ടായി.
ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിന്റെ മൂന്നു ജനൽച്ചില്ലുകൾ ഹർത്താലനുകൂലികൾ എറിഞ്ഞുതകർത്തു. ഓഫീസിലുണ്ടായിരുന്ന സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ വിരട്ടിയോടിക്കുകയും ഉദ്യോഗസ്ഥനെ മർദിക്കുകയും ചെയ്തു. എന്നാൽ പ്രകടനത്തോടനുബന്ധിച്ച് അക്രമസംഭവങ്ങൾ അരങ്ങേറിയിട്ടും പോലീസ് സ്ഥലത്തെത്താൻ വൈകിയതിനാലാണ് സ്ഥിതി നിയന്ത്രിക്കാനാകാതെ വന്നത്.
കാഞ്ഞിരമറ്റം ജംഗ്ഷനിൽ പോലീസും ഹർത്താൽ അനുകൂലികളുമായി ഉന്തും തള്ളുമുണ്ടായി. പ്രധാന ടൗണുകളിലെല്ലാം കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകളും കെ.എസ്ആർടിസിയും സർവീസ് നടത്തിയില്ല. ഇരുചക്രവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും തടസമില്ലാതെ ഓടി. ചിലയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു.
എന്നാൽ ഹൈറേഞ്ചിൽ ഹർത്താൽ പൊതുവെ സമാധാനപരമായിരുന്നു. ദീർഘദൂര കെ.എസ്ആർടിസി ബസുകളും ഏതാനും ചില സ്വകാര്യ ചെറുവാഹനങ്ങളും നിരത്തിലിറങ്ങി. കടകന്പോളങ്ങൾ അടഞ്ഞുകിടന്നു. കളക്ടറേറ്റ് ഉൾപ്പടെയുള്ള ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഹാജർനില കുറവായിരുന്നു. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം രാവിലെ പത്തോടെ പ്രവർത്തകർ പ്രകടനം നടത്തി. വാഹനങ്ങൾ അല്പനേരം തടഞ്ഞിട്ടശേഷം കടത്തിവിട്ടതൊഴിച്ചാൽ കാര്യമായ അക്രമസംഭവങ്ങൾ ഹൈറേഞ്ച് മേഖലയിൽ അരങ്ങേറിയില്ല. തോട്ടം മേഖലയും പൊതുവെ നിശ്ചലമായി.
വ്യാഴാഴ്ച്ച നടന്ന കെ.എസ് യു മാർച്ചിനുനേരെ പോലീസ് നടത്തിയ ലാത്തിചാർജിൽ നേതാക്കളടക്കം 25 കോണ്ഗ്രസ്കെ.എസ് യു പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ഗുരുതര പരിക്കേറ്റ ഡിസിസി ജനറൽ സെക്രട്ടറി ജിയോ മാത്യുവിനെ വിദഗ്ധ ചികിൽസക്കായി കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് തലയ്ക്ക് ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. സാരമായി പരിക്കേറ്റ കെ.എസ് യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്, മുൻ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി, ഡിസിസി ജനറൽ സെക്രട്ടറി ജിയോ മാത്യു, മാത്യു കെ. ജോണ് ഉൾപ്പെടെയുള്ളവരും ചികിൽസയിലാണ്.
സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഡിവൈഎസ്പി എൻ.എൻ. പ്രസാദ്, സിഐ എൻ.ജി. ശ്രീമോൻ, എസ്ഐ ജോബിൻ ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് ഇന്നലെ സ്ഥലത്തുണ്ടായിരുന്നത്. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ സന്ദർശിച്ചിരുന്നു.

