കാടുകയറിപ്പോയ കാട്ടാനക്കൂട്ടം വീണ്ടും നാട്ടിലിറങ്ങി നാശംവിതച്ചു
രാജാക്കാട് : കാടുകയറി പോയ കാട്ടാനക്കൂട്ടം വീണ്ടും നാട്ടിലിറങ്ങി നാശംവിതച്ചു. ബൈസണ്വാലി പഞ്ചായത്തിലെ മുട്ടുകാട് കൊങ്ങിണിസിറ്റി, സൊസൈറ്റിമേട് ഭാഗങ്ങളിലെ ജനവാസ മേഖലകളിലാണ് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങിയത്. ഇന്നലെ രാവിലെ ഏഴോടെയാണ് കുട്ടി ഉൾപ്പെടെ അഞ്ച് ആനകൾ നാട്ടിലിറങ്ങിയത്.
കുറെ ദിവസങ്ങളായി മുന്നൂറേക്കർ, വെള്ളിവിളുന്താൻ പ്രദേശങ്ങളിലെ ഏലത്തോട്ട മേഖലയിൽ ഇറങ്ങിയ ആനക്കൂട്ടമാണിത്. മുന്നൂറേക്കർ ഭാഗത്ത് ചൊവ്വാഴ്ച്ച രാത്രിയിൽ ഇവ ഉണ്ടായിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ബുധനാഴ്ച രാവിലെ വീട്ടുകാര്യങ്ങൾക്കും ജോലികൾക്കുമായി പുറത്തിറങ്ങിയവർ റോഡിലൂടെ ഓടിപോകുന്ന ആനകളെയാണ് കണ്ടത്. ഈ സമയം വഴിയാത്രക്കാർ പേടിച്ച് ഓടിമാറി. റോഡരികിലുള്ള വീട്ടുമുറ്റത്ത് നിന്നിരുന്നവർ വീടുകൾക്കുള്ളിൽ അഭയംതേടി. പ്രധാന റോഡിലൂടെ മുകളിലേക്ക് ഓടിയ ഇവ മുന്നൂറേക്കർ ഭാഗത്തേക്കുതന്നെ മടങ്ങിപ്പോയതായാണ് വിവരം.
വന്നതും കടന്നു പായതുമായ വഴികളിൽ നിന്നിരുന്ന വാഴ, കപ്പ, ചേന്പ് തുടങ്ങിയ വിളകൾ നശിപ്പിക്കപ്പെട്ടു. പ്രാണഭയംമൂലം ഏലത്തോട്ടം തൊഴിലാളികൾ പണിക്കിറങ്ങിയില്ല. ഭീതിയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളുകളിൽ അയച്ചത്. ചൊവ്വാഴ്ച മുന്നൂറേക്കർ ഭാഗത്തെ ഏലക്കാടുകളിൽ ഇറങ്ങിയ ആനകൾ ഏലച്ചെടികൾ ചവിട്ടിയും വലിച്ചുപറിച്ചും നശിപ്പിച്ചിരുന്നു. വിളവെടുപ്പിനു പാകമായി കിടക്കുന്ന തോട്ടങ്ങളായതിനാൽ കനത്ത നഷ്ടമാണ് ഇവ വരുത്തിവച്ചിരിക്കുന്നത്.
ഒരുമാസംമുൻപ് പ്രദേശത്തെത്തിയ ആനകൾ ജോസ്ഗിരി വരെയും രാജാക്കാട് പഞ്ചായത്തിൽ കുരങ്ങുപാറ ഭാഗത്തുമെത്തി ദിവസങ്ങളോളം തന്പടിച്ച് കനത്ത കൃഷിനാശം വരുത്തിയിരുന്നു. പൊറുതിമുട്ടിയ ജനങ്ങൾ എൻ.ആർ. സിറ്റി, രാജകുമാരി എന്നിവിടങ്ങളിൽ അടിമാലി പൂപ്പാറ സംസ്ഥാന പാത ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിഷേധ സമരങ്ങൾ നടത്തിയിരുന്നു.

