കുമളി സർക്കാർ ആശുപത്രിയിൽ ജീവനക്കാരുടെ ക്ഷാമം
കുമളി: പനി ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ വ്യാപകമാകുന്പോഴും കുമളി സർക്കാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ഡോക്ടറടക്കമുള്ള ജീവനക്കാരുടെ ക്ഷാമം പ്രതിസന്ധി രൂക്ഷമാക്കുന്നു. രോഗികൾക്ക് മരുന്നുവെച്ചുകെട്ടാനുള്ള നഴ്സിംഗ് അസിസ്റ്റുമാരാണ് ഇവിടെ ചീട്ടെഴുതുന്നത്.
കുമളി മേഖലയിൽ മൂന്നുപേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടപ്പള്ളം സ്വദേശിയായ 23കാരൻ ഉൾപ്പെടെ ഡെങ്കിപ്പനിക്ക് ഇവിടെ ചികിത്സയിലാണ്.
ആകെ നാലു ഡോക്ടർമാരുണ്ടെങ്കിലും മിക്കപ്പോഴും രണ്ടു ഡോക്ടർമാരേ സേവനത്തിനുണ്ടാവുകയുള്ളൂ. കഴിഞ്ഞദിവസം ഒരു ഡോക്ടർ മാത്രമാണുണ്ടായിരുന്നത്. കോടതിയിലെ കേസുകൾക്കും ക്യാന്പുകൾക്കുമായി ഡോക്ടർമാർ പോകുന്നതാണ് ഡോക്ടർമാരുടെ ക്ഷാമത്തിനു കാരണം. ഇവിടെ ദിവസവും 400 മുതൽ 500 രോഗികൾ ചികിത്സയ്ക്കെത്താറുണ്ട്. ഭൂരിഭാഗവും പനിബാധിതരാണ്. ഒരു നഴ്സിംഗ് സൂപ്രണ്ടുൾപ്പെടെ ആറു നഴ്സുമാരാണ് ഇവിടുള്ളത്. ഇതിൽ രണ്ടുപേർ താത്കാലിക ജീവനക്കാരും മൂന്നുപേർ പിഎസ്്സി നിയമനവുമാണ്.
ഒരു ഫാർമസിസ്റ്റുള്ളതും താത്കാലിക നിയമനമാണ്. രണ്ടു നഴ്സിംഗ് അസിസ്റ്റന്റുമാരാണുള്ളത്. രോഗികൾക്ക് ചീട്ടെഴുതാനും മുറിവു വച്ചുകെട്ടാനും ഇവർ ഓടണം. ഫലത്തിൽ ചീട്ടെഴുതുന്നിടത്തും ട്രീറ്റ്മെന്റ് റൂമിലും കനത്ത തിരക്കാണ്. രോഗികളുടെ നീണ്ട ക്യൂവാണ് ഡോക്ടറെ കാണാനും ചീട്ടെഴുതുന്നിടത്തും. മരുന്നും കെട്ടിടവും കിടക്കകളുമെല്ലാം ആവശ്യത്തിനുണ്ടെങ്കിലും ഇവ നാട്ടുകാർക്ക് പ്രയോജനപ്പെടാത്ത അവസ്ഥയാണ്.

