വ്യാപാരസ്ഥാപനത്തിലേക്കു കാർ പാഞ്ഞുകയറി കടയുടമക്ക് പരിക്ക്
ഉപ്പുതറ: സ്വരാജിൽ നിയന്ത്രണംവിട്ട കാർ വ്യാപാരസ്ഥാപനത്തിലേക്ക് പാഞ്ഞുകയറി ഒരാൾക്ക് പരിക്ക്. സ്വരാജ് കുര്യൻപറന്പിൽ കരുണാകരൻ (70) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. വാഗമണ്ണിൽനിന്നും കട്ടപ്പനക്ക് വരികയായിരുന്ന മാരുതി കാർ സ്വരാജ് പാലത്തിൽ നിയന്ത്രണംവിട്ട് എതിർവശത്തുള്ള കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കരുണാകരന്റെ കാലിന് സാരമായി പരിക്കേറ്റു. അപകടസമയത്ത് കരുണാകരൻ മാത്രമാണ് കടയിലുണ്ടായിരുന്നത് . കസേരയിലിരുന്ന കരുണാകരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപടമുണ്ടാവുന്നതിന് നിമിഷങ്ങൾക്കുമുന്പ് മൂന്നുപേർകൂടി കടയിലുണ്ടായിരുന്നു. ഇവർ മാറിയ ഉടനെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കട പൂർണമായും കടയിലുണ്ടായിരുന്ന സാധനങ്ങളും തകർന്നു. കട്ടപ്പന പോലീസ് കേസെടുത്തു.

