പോലീസ് മർദനം: യൂത്ത് കോണ്ഗ്രസ് മനുഷ്യാവകാശ കമ്മീഷന് പരാതിനൽകി
തൊടുപുഴ: തൊടുപുഴ സിവിൽ സ്റ്റേഷനിലേയ്ക്ക് സമരം നടത്തിയ കഐസ്യു പ്രവർത്തകരെ തൊടുപുഴ സിഐ എൻ.ജി. ശ്രീമോന്റെ നേതൃത്വത്തിൽ യാതൊരു പ്രകോപനവുമില്ലാതെ വളഞ്ഞിട്ട് ആക്രമിച്ച സംഭവം അന്വേഷിച്ച് നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടു യൂത്ത് കോണ്ഗ്രസ് ഇടുക്കി പാർലമെന്റ് മണ്ഡലം പ്രസിഡന്റ് ബിജോ മാണി മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് കെ.ബി. കോശിക്ക് പരാതി നൽകി.
പോലിസ് ലാത്തിചാർജിൽനിന്നും രക്ഷപ്പെടാൻ ഓടിയ പ്രവർത്തകരെ ഓടിച്ചിട്ട് പോലിസ് സംഘംചേർന്ന് മർദിച്ചു. തൊടുപുഴ സിഐ എൻ.ജി. ശ്രീമോൻ മുൻവൈരാഗ്യം തീർക്കുന്നതുപോലെയാണ് മർദനം നടത്തുകയും പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ച നേതാക്കളെ പിന്നിൽ നിന്നും തലയ്ക്കടിച്ച് വീഴിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പ്രവർത്തകർ തൊടുപുഴ ചാഴികാട് ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൂടാതെ ഇന്നലെ തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തിയ പ്രവർത്തകർക്കുനേരെ സിഐ ഒരു പ്രകോപനവുമില്ലാതെ തോക്കെടുക്കുകയും സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയുംചെയ്തു.
സിഐയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ സംബന്ധിച്ചും പ്രവർത്തകർക്കുനേരെയുണ്ടായ മനുഷ്യത്വരഹിതമായ മർദനം സംബന്ധിച്ചും മാധ്യമങ്ങളിൽവന്ന വാർത്തയും ചിത്രങ്ങളും സമർപ്പിക്കുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.

