ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിംഗ് പുനരാരംഭിക്കുവാൻ നടപടിയില്ല
| രാജാക്കാട്: ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിംഗ് പുനരാരംഭിക്കുവാൻ വനംവകുപ്പ് തടസംനിൽക്കുന്നതായി ആക്ഷേപം. കൊച്ചി ധനുഷ്കോടി ദേശീയപാതയോടുചേർന്ന് ഹരിതാഭമായ മൊട്ടക്കുന്നുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ പ്രകൃതിരമണീയമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ആനയിറങ്കൽ അണക്കെട്ടിന്റെയും ജലാശയത്തിന്റെയും വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കെ.എസ്ഇബിയുടെ ഹൈഡൽ ടൂറിസം വിഭാഗം 2015 ഓഗസ്റ്റ് 24നാണ് ഇവിടെ ബോട്ടിംഗ് ആരംഭിച്ചത്. 85 ലക്ഷം രൂപയായിരുന്നു പ്രാഥമിക ചെലവ്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി 20 ലക്ഷത്തിൽപരം രൂപയുടെ പണികൾകൂടി നടത്തി വിപുലപ്പെടുത്തി. സഞ്ചാരികൾക്ക് ഷോപ്പിംഗ് നടത്തുന്നതിനായി മൂന്നു കടകൾ, കഫ്റ്റീരിയ, ശൗചാലയങ്ങൾ, വാഹന പാർക്കിംഗ്, മനോഹരമായ ഉദ്യാനം എന്നിവയാണ് പൊതുസൗകര്യങ്ങൾ. അഡ്വഞ്ചർ സ്പോർട്സിനും സൗകര്യമൊരുക്കിയിരുന്നു. അഞ്ചുപേർക്കുവീതം കയറാവുന്ന നാലു സ്പീഡ് ബോട്ടുകൾ, 20 പേർക്ക് കയറാവുന്ന പൊൻറ്റൂണ് ബോട്ട്, കുട്ട വഞ്ചികൾ, കയാക്കിംഗ് എന്നിവയാണ് ജലാശയത്തിൽ ചുറ്റിയടിക്കുന്നതിനും, ജല കേളികൾക്കുമായി ഏർപ്പെടുത്തിയത്. പ്രവർത്തനം ആരംഭിച്ചതുമുതൽ സന്ദർശകർക്കിടയിൽ വൻ സ്വീകാര്യതയാണ് ഈ കേന്ദ്രത്തിന് ലഭിച്ചത്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളുടെയും ദേശീയ പാതയുടെയും സാമിപ്യംമൂലം ഇന്ത്യക്കകത്തും പുറത്തുനിന്നുമുള്ള സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറി. അഞ്ഞൂറിലധികം വിനോദ സഞ്ചാരികളാണ് ദിവസവും എത്തിക്കൊണ്ടിരുന്നത്. പ്രവേശന ഫീസ് ഇനത്തിൽ മൂന്നരലക്ഷവും ബോട്ടിംഗിൽനിന്നും ഏഴുലക്ഷവും രൂപ വീതമായിരുന്നു ശരാശരി മാസവരുമാനം. ആദ്യവർഷത്തിൽതന്നെ ലാഭത്തിലേക്ക് നീങ്ങിയ അപൂർവം വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഇവിടം മാറി. ഇത്തവണത്തെ കടുത്ത വേനലിൽ ജലാശയത്തിൽ വെള്ളത്തിന്റെ നിരപ്പ് ക്രമാതീതമായി താഴുകയും ഒപ്പം മൂന്നാറിൽ ഫ്ളവർ ഷോ ആരംഭിക്കുകയും ചെയ്തപ്പോൾ ഇവിടെയുണ്ടായിരുന്ന സ്പീഡ് ബോട്ടുകൾ മൂന്നാറിലേക്ക് മാറ്റിയിരുന്നു. ബോട്ടുകൾ കൊണ്ടുപോകുന്നതിനെതിരെ വ്യാപാരികളും നാട്ടുകാരും രംഗത്തെത്തിയതാണ്. ഫ്ളവർ ഷോ അവസാനിക്കുന്നതോടെ ബോട്ടുകൾ തിരികെ എത്തിച്ചുകൊള്ളാമെന്ന് ശാന്തൻപാറ പഞ്ചായത്ത് ഭരണസമിതിക്ക് അധികൃതർ ഉറപ്പുനൽകിയാണ് ബോട്ട് കൊണ്ടുപോയത്. എന്നാൽ ഉറപ്പുനൽകിയിരുന്ന സമയം കഴിയുകയും ബോട്ടിംഗിന് പറ്റിയ നിലയിലേക്ക് ഡാമിൽ ജലനിരപ്പ് ഉയർന്നെങ്കിലും ബോട്ടുകൾ തിരികെ എത്തിച്ചിട്ടില്ല. ഇതോടെ സഞ്ചാരികളുടെ വരവിലും വരുമാനത്തിലും കുത്തനെയുള്ള കുറവാണുണ്ടായിരിക്കുന്നത്. ആളുകളുടെ വരവ് കുറഞ്ഞതോടെ പൊൻടൂണ് ബോട്ട് അടക്കമുള്ളവ വെറുതെകിടക്കുകയാണ്. വിനോദ സഞ്ചാരികൾ എത്താത്തതിനാൽ കച്ചവടം ഇല്ലാതായതോടെ ഷോപ്പുടമകളും നഷ്ടത്തിലായി. നാലു സെക്യൂരിറ്റി ജീവനക്കാരും, ഒന്പതു ബോട്ട് ഡ്രൈവർമാരും വ്യാപാര സ്ഥാപനങ്ങളിലെ പതിനഞ്ചോളം ജീവനക്കാരും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്. ജലാശയത്തിലെ ബോട്ടിംഗും സന്ദർശക സാന്നിധ്യവും തടാകം ഉൾപ്പെടുന്ന പ്രദേശത്തെ കാട്ടാനകളുടെ സുരക്ഷിതത്വത്തിനും സ്വൈര്യവിഹാരത്തിനും ഭംഗം വരുത്തുന്നതായും ഇക്കാരണത്താലാണ് ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങുന്നതും കൃഷിനാശം വരുത്തുന്നതെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഈ കാരണം പറഞ്ഞാണ് ഇവർ പദ്ധതിയെ എതിർക്കുന്നത്. എന്നാൽ ഈ വാദം അടിസ്ഥാന രഹിതമാണെന്നും അങ്ങിനെ ആയിരുന്നുവെങ്കിൽ വർഷങ്ങളായി ബോട്ടിംഗ് നടക്കുന്ന തേക്കടി, മാട്ടുപ്പെട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ജനവാസ മേഖലകളിലേക്ക് ആനകൾ നിരന്തരം ഇറങ്ങേണ്ടതായിരുന്നുവെന്നും ശാന്തൻപാറ പഞ്ചായത്തിലെ ആനകളുടെ എണ്ണം സമീപകാലത്ത് കാര്യമായി വർധിച്ചതും ആനത്താരകളിൽ ആദിവാസിക്കുടികൾ സ്ഥാപിച്ചതുമാണ് യഥാർഥ കാരണമെന്നും പഞ്ചായത്ത് മുൻ പ്രസിഡന്റും സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ സേനാപതി ശശി പറഞ്ഞു. |

