സന്ദർശകരുടെ മനംനിറച്ച് ഇലപ്പള്ളി വെള്ളച്ചാട്ടം
മൂലമറ്റം: സന്ദർശകരുടെ കണ്ണും മനസും നിറച്ച് ഒഴുകിയെത്തുന്ന ഇലപ്പള്ളി വെള്ളചാട്ടം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം അവഗണനയുടെ പട്ടികയിൽ. ഇലപ്പള്ളി മലനിരകളിൽ നിന്നുൽഭവിച്ച് മണപ്പാടി വഴി ത്രിവേണിസംഗമത്തിൽ എത്തിച്ചേരുന്ന ഈ വെള്ളചാട്ടം സന്ദർശകർക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറ്റാം.
മൂലമറ്റം ടൗണിൽനിന്നും അഞ്ചുകിലോമീറ്റർ മാറിയാണ് ഈ വെള്ളച്ചാട്ടം. കൈക്കുളം പാലത്തിൽ നിന്നാൽ ഇതിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ സാധിക്കും. പാറക്കൂട്ടങ്ങളെ തഴുകി പാലരുവിപോലെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ വർണ വിസ്മയ കാഴ്ച സഞ്ചാരികൾക്കു നവ്യാനുഭൂതി പകരുന്നു. പ്രകൃതിയുടെ മനോഹാരിത നുകരുന്നതിനായി വാഗമണ്, പുള്ളിക്കാനം, കുമളി, തേക്കടി, തുടങ്ങിയ പ്രദേശങ്ങളിലേക്ക് പോകുന്ന സഞ്ചാരികൾ ഇലപ്പള്ളി വെള്ളചാട്ടത്തിനു സമീപം വിശ്രമിച്ചിട്ടാണ് പോകുന്നത്. വെള്ളച്ചാട്ടത്തിൽ ഇറങ്ങി കുളിക്കുകയും, ഭക്ഷണം കഴിക്കുകയും ചെയ്തിട്ടാണ് യാത്രക്കാർ യാത്ര തുടരുന്നത്.
വെള്ളച്ചാട്ടത്തിലേക്ക് ഇറങ്ങാൻ കൂറ്റൻ കല്ലുകൾ തടസമായതിനാലും കല്ലുകളിൽ കയറി തെന്നിവീണ് നിരവധി പേർ അപകടത്തിൽപ്പെട്ടിട്ടുള്ളതിനാലും, ഇവിടെ ഇറങ്ങുന്നവർക്ക് വേണ്ട സൗകര്യം ഒരുക്കേണ്ടതുണ്ട്. ആയിരം അടിയോളം ഉയരത്തിൽ നിന്നും ചെങ്കുത്തായ പാറക്കെട്ടുകളിൽ പതിച്ച് പതഞ്ഞൊഴുകി താഴേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം ആരെയും ആകർഷിക്കും. .
വീതിയില്ലാത്തതും, പൊട്ടിപ്പൊളിഞ്ഞതുമായ റോഡുകൾ, അപകടാവസ്ഥയിലായിരിക്കുന്ന പാലം, സഞ്ചാരികൾക്കാവശ്യമായ ടോയ്ലറ്റ് സൗകര്യമില്ലായ്മ, മാലിന്യ നിക്ഷേപം, സൂചന ബോർഡുകളുടെ അഭാവം എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഈ പ്രദേശത്തിന്റെ വികസനത്തിന് വിലങ്ങുതടിയാകുന്നു . മലന്പ്രദേശമായ ഇവിടം സിനിമാ ,ടെലിഫിലിം ,ഡോക്യുമെന്ററി ചിത്രീകരണങ്ങളുടെ ഇഷ്ട വേദിയായി മാറിക്കഴിഞ്ഞു. ടുറിസ മേഖലയായ വാഗമണ്ണിലേയ്ക്കുള്ള യാത്രയിൽ ആസ്വദിക്കാൻ കഴിയുന്നതും, പ്രകൃതി സൗന്ദര്യം നിറഞ്ഞ് നിൽക്കുന്നതുമായ ഇലപ്പള്ളി വെള്ളച്ചാട്ടം സഞ്ചാരികൾ ഏറെ ഇഷ്ടപ്പെടുന്നു.
ഇവിടുത്തെ ഇളം തെന്നലും , പതഞ്ഞൊഴുകുന്ന വെള്ളവും പ്രകൃതിയുടെ വിസ്മയലോകത്തേയ്ക്കു സഞ്ചാരികളെ കൂട്ടികൊണ്ടു പോകുന്നു. സഞ്ചാരികൾ ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് വ്യാപകമായിരിക്കുകയാണ്, അടിസ്ഥാന സൗകര്യങ്ങളായ സൂചനാ ബോർഡുകൾ, ടോയ്ലറ്റ്, സ്നാക്സ് ബാർ, വിശ്രമമുറി, സഞ്ചാര യോഗ്യമായ റോഡ് , മാലിന്യ നിർമ്മാർജനം, വെള്ളചാട്ടത്തിനു സമീപത്തായി ചെറിയ കൈവരികൾ സഥാപിക്കൽ, അപകടാവസ്ഥയിലായിരിക്കുന്ന പാലം പുനരുദ്ധരിക്കൽ എന്നിവ നടപ്പാക്കിയാൽ ഇലപ്പള്ളി വെള്ളച്ചാട്ടം ടൂറിസം മേഖലയ്ക്കൊരു മുതൽക്കൂട്ടായി മാറും.

