ലാത്തിച്ചാർജിൽ പരിക്കേറ്റവരെ നിരീക്ഷിക്കാൻ പോലീസിനെ നിയോഗിച്ചത് വിവാദത്തിൽ
തൊടുപുഴ: ലാത്തിച്ചാർജിൽ പരിക്കേറ്റ് ചികിത്സയിൽകഴിയുന്ന കെ.എസ് യു പ്രവർത്തകരെ നിരീക്ഷിക്കാൻ ലാത്തിച്ചാർജു ചെയ്ത സംഘത്തിൽ ഉൾപ്പെട്ട രണ്ടു പൊലീസുകാരെതന്നെ നിയോഗിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നടപടി വിവാദത്തിൽ. ഡിസ്ചാർജു ചെയ്യുന്പോൾ അറസ്റ്റുചെയ്യാനാണ് പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു നീക്കമുണ്ടായതെന്നാണ് സൂചന. എന്നാൽ സംഭവമറിഞ്ഞ്് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവർത്തകർ പോലീസിനുനേരേ തിരിഞ്ഞതോടെ ഇവരെ പിൻവലിച്ച് വേറെ പോലീസുകാരെ നിരീക്ഷണത്തിനായി നിയോഗിച്ചു.
കെഎസ് യുവിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച തൊടുപുഴയിൽ നടന്ന സിവിൽ സ്റ്റേഷൻ മാർച്ചിനിടെ 25 കോണ്ഗ്രസ്കെഎസ് യു പ്രവർത്തകർക്കാണ് പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണു പ്രവേശിപ്പിച്ചിരിക്കുന്നത്. ചികിൽസയിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ മൂന്നു മുറികൾക്കു മുൻവശത്ത് ആറു പോലീസുകാരെയാണു നിയോഗിച്ചിരുന്നത്.
എന്നാൽ ലാത്തിച്ചാർജു ചെയ്ത സംഘത്തിലെ രണ്ടു പോലീസുകാരും ഇവർക്കൊപ്പമുണ്ടായിരുന്നുവെന്നു പ്രവർത്തകർ തിരിച്ചറിഞ്ഞതോടെ പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ആശുപത്രിയിലെത്തിയ പി.ടി. തോമസ് എംഎൽഎ പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. ഈ വിവരം അറിഞ്ഞതോടെ സംഘത്തിലുണ്ടായിരുന്ന രണ്ടു പോലീസുകാരെ പിൻവലിച്ച് പകരക്കാരെ നിയോഗിക്കുകയായിരുന്നു.

