തക്കാളിവില കുതിക്കുന്നു
കട്ടപ്പന : കോഴിയിറച്ചിക്കും ഉള്ളിക്കും പുറമെ തക്കാളിക്കും പൊള്ളുന്ന വില. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് തക്കാളിയുടെ വില ഇരട്ടിയായി. മറയൂരിന്റെ അതിർത്തിഗ്രാമമായ തമിഴ്നാട്ടിലെ ഉദുമൽപേട്ട, കൊഴുമം, അങ്കാലക്കുറിച്ചി, നൊരപെട്ടി, കുരൾപെട്ടി, ഒട്ടംചിത്രം എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും തക്കാളി എത്തുന്നത്.
ഉദുമൽപേട്ടയിൽ തക്കാളിയുടെ ഇപ്പോഴത്തെ മൊത്തവ്യാപാരവില 38 മുതൽ 45 രൂപ വരെയാണ്. ഇത് കച്ചവടക്കാരിൽനിന്ന് ഉപഭോക്താക്കളുടെ കൈയിലെത്തുന്പോൾ കിലോയ്ക്ക് 70 മുതൽ 90 രൂപ വരെയാകും. കഴിഞ്ഞമാസം ആദ്യം തക്കാളിയുടെ വില 20 മുതൽ 30 വരെയായിരുന്നു. മാർക്കറ്റിൽ തക്കാളി കിട്ടാത്തതിനെത്തുടർന്നാണ് അനിയന്ത്രിതമായി വില കുതിച്ചുകയറുന്നത്.
മുൻമാസങ്ങളിൽ ലഭിച്ചതിന്റെ നാലിലൊന്ന് തക്കാളിപോലും ലഭിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. കർണാടകയിൽനിന്നും ആന്ധ്രയിൽനിന്നുമുള്ള തക്കാളി വരവ് കുറഞ്ഞതും കടുത്ത വരൾച്ചയുമാണ് വില ഉയരാൻ കാരണമെന്നു പറയുന്നു.

