നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കാന്‍ മൂന്നാര്‍ ഒരുങ്ങുന്നു


മൂന്നാര്‍ > വരയാടുകളുടെ ആവാസ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തില്‍ നീലക്കുറിഞ്ഞി പൂക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെ പൂക്കളുടെ മനോഹാരിത നേരിട്ട് കണ്ട് ആസ്വദിക്കുന്നതിനായി മൂന്നാറിലെത്തുന്ന ലക്ഷക്കണക്കിന് വരുന്ന സഞ്ചാരികള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ക്ക് വനം വകുപ്പ് തുടക്കം കുറിച്ചു. വിദേശത്ത് നിന്നുള്ള സഞ്ചാരികളും ഈ   പ്രതിഭാസം കാണുന്നതിനായി എത്തുന്നുണ്ട്. രാജമലയില്‍ എത്തുന്ന സഞ്ചാരികളെ വനം വകുപ്പിന്റെ വാഹനങ്ങളിലാണ് കുറിഞ്ഞി പൂത്ത് നിന്നിരുന്ന മലഞ്ചെരുവുകളിലേക്ക് കൊണ്ടുപോയത്. 
2012ല്‍ അഞ്ച് ലക്ഷത്തോളം പേരാണ് നീലക്കുറിഞ്ഞി കാണാന്‍ എത്തിയതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ 2018 ല്‍ സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കുമെന്ന കണക്ക്കൂട്ടലിലാണ് അധികൃതര്‍.  മൂന്നാറിലെത്തുന്ന സന്ദര്‍ശകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൌകര്യം ഏര്‍പ്പെടുത്തുകയെന്നതാണ് അധികൃതര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മൂന്നാര്‍-ഉടുമല്‍പ്പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ നയമക്കാട് എസ്റ്റേറ്റ് അഞ്ചാം മൈലിലാണ് രാജമല സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് സന്ദര്‍ശകരുമായി പോകുന്ന വാഹനങ്ങള്‍ റോഡിനു ഇരുവശങ്ങളിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇതുമൂലം മണിക്കുറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത് പതിവാണ്. മറയുരില്‍ നിന്നും മറ്റും വരുന്ന ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. രാജമലയില്‍ വനം വകുപ്പ് പാര്‍ക്കിങ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിശ്ചിത വാഹനങ്ങള്‍ക്ക് മാത്രമെ ഇത് പ്രയോജനപ്പെടുന്നുള്ളു. 
രാജമലയിലേക്ക് വലിയ വാഹനങ്ങള്‍ കടത്തി വിടാതെ ഗതാഗതക്കുരുക്ക് ഒരളവ് വരെ പരിഹരിക്കുന്നതിനാണ് അധികൃതരുടെ നീക്കം. കൂടാതെ മൂന്നാറില്‍ കൌണ്ടര്‍ തുറന്ന് സഞ്ചാരികള്‍ക്ക് രാജമല പ്രവേശനത്തിനുള്ള ടിക്കറ്റ് നല്‍കുന്നിതുനും പദ്ധതിയുണ്ട്. 
  ഓണ്‍ലൈനിലൂടെ ബുക്കിങ് സൌകര്യം ഏര്‍പ്പെടുത്തും. മൂന്നാറില്‍ വിവിധ വകുപ്പുകളുടെ അധീനതയിലുള്ളതും കമ്പനിയുടെ കൈവശമുള്ളതുമായ സ്ഥലങ്ങളില്‍ പാര്‍ക്കിങ് സൌകര്യം ഒരുക്കുന്നതിന് ആവശ്യമായ ഇടപെടല്‍ നടത്താനും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട്  കലക്ടര്‍ക്ക് സമര്‍പ്പിക്കുന്നതിനുമുള്ള ആദ്യ ഘട്ട നടപടികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ലക്ഷ്മി, ഇരവികുളം അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സന്ദീപ് എന്നിവര്‍ പറഞ്ഞു.