ഷോക്കേറ്റുമരിച്ച ദന്പതികൾക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻആയിരങ്ങളെത്തി
തൊടുപുഴ: നിത്യതയിലേക്ക് പറന്നകന്ന ദന്പതികൾക്ക് നാടിന്റെ അശ്രു പൂജ. വൈദ്യുതി ലൈൻ പൊട്ടി വീണ് ഷോക്കേറ്റു മരിച്ച ചീനിക്കുഴി കല്ലറയ്ക്കൽ ബാബു - ലൂസി ദന്പതികൾക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ നാടിന്റെ നാനാതുറകളിൽപ്പെട്ടവർ കല്ലറക്കൽ തറവാട്ടിലേക്കും ചീനിക്കുഴി സെന്റ് മേരീസ് പള്ളിയിലേക്കും ഒഴുകിയെത്തി. തിങ്കളാഴ്ച വൈകുന്നേരം ഇരുവരുടെയും ചേതനയറ്റ ശരീരങ്ങൾ വീട്ടിലെത്തിച്ചതോടെ കുടുബാംഗങ്ങൾക്ക് ദുഖമടക്കാനായില്ല. മക്കളായ ഫാ. ടോജനും ടോണലും നിറമിഴികളുമായി നിന്നപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു.
വിടപറയാതെ വിടചൊല്ലിയ ഇരുവർക്കും അന്ത്യോപചാരമർപ്പിക്കാൻ വൈദികർ, കന്യാസ്ത്രീകൾ, ഭക്തസംഘടന പ്രതിനിധികൾ, ഡിഎഫ്സി ഭാരവാഹികൾ, രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവരുൾപ്പെടെ നൂറുകണക്കിനാളുകളാണ് എത്തിച്ചേർന്നത്. ഫാ. ടോജിൻ പഠിക്കുന്ന ചങ്ങനാശേരി എസ്ബി കോളേജിലെ അധ്യാപകരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലിയർപ്പിക്കാൻ എത്തിയിരുന്നു. സെന്റ് മേരീസ് പള്ളിയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റും പാരീഷ് കൗണ്‍സിൽ അംഗവുമായിരുന്ന ബാബു ആത്മീയ - സാമൂഹ്യ സേവന രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. ഇരുവരുടെയും ഹൃദ്യമായ പെരുമാറ്റവും സംസാരവും ഇവരെ ഏവർക്കും പ്രിയപ്പെട്ടവരാക്കിയിരുന്നു.
ഇന്നലെ നടന്ന സംസ്കാര ചടങ്ങുകളിൽ ബാബുവിന്റെ പിതാവ് ജോസഫ് അന്ത്യചുംബനം അർപ്പിക്കുന്നതിനിടെ വിതുന്പിക്കരഞ്ഞു. വീട്ടിൽ നടന്ന സംസ്കാര ശുശ്രൂഷകൾക്ക് കോതമംഗലം വികാരി ജനറാൾ മോണ്‍ ചെറിയാൻ കാഞ്ഞിരക്കൊന്പിലും, മൂവാറ്റുപുഴ ഹോളിമാഗി ഫെറോന പള്ളി വികാരി ഫായ പോൾ നെടുന്പുറത്തും നേതൃത്വം നൽകി. പള്ളിയിൽ നടന്ന സംസ്കാര ചടങ്ങുകൾക്ക് കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ, കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍ ജോർജ് ഓലിയപ്പുറം എന്നിവർ കാർമികത്വം വഹിച്ചു. രൂപത പ്രൊക്യുറേറ്റർ ഫാ. ജോണ്‍ മുണ്ടയ്ക്കൽ, ഫാ. ജേക്കബ് വട്ടപ്പിള്ളിൽ, ഫാ. തോമസ് കണ്ണംകുളം, ഫാ. മാത്യു കൊച്ചുപുര, ട്രസ്റ്റിമാരായ ജോസഫ് മിറ്റത്തനാനിയ്ക്കൽ, ടോമി മടപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി. ദേവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഇരുവരുടെയും മൃതദേഹം സെമിത്തേരിയിൽ ഒരേ കല്ലറയിൽ സംസ്കരിച്ചു.

